12/11/2024
മമ്മി മുസ്ലിയാർ ഫൗണ്ടേഷൻ
സത്യങ്ങൾ അറിയാൻ താല്പര്യമുള്ളവരോട് വിനയപൂർവ്വം...
ഭാഗം - 1
എട്ട് സുഹൃത്തുക്കൾ ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങളെ മുറുകെപ്പിടിച്ച്, വർഷങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ രൂപീകരിച്ച ഒരു സ്വതന്ത്ര കൂട്ടായ്മയാണ് മമ്മി മുസ്ലിയാർ ഫൗണ്ടേഷൻ. ഒരു മഹല്ല് കേന്ദ്രീകരിച്ചോ, ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചോ, നിഗൂഢമായ ലക്ഷ്യങ്ങൾ ഒളിപ്പിച്ചു വച്ചോ അല്ല ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. നിലവിലുള്ള രാജ്യത്തെ നിയമപ്രകാരം, രജിസ്റ്റർ ചെയ്യപ്പെട്ട നിയമാവലി പ്രകാരം ഇന്ത്യാ രാജ്യത്തിലെവിടെയും പ്രവർത്തിക്കുവാനുള്ള അനുമതി ഈ കൂട്ടായ്മ കരസ്ഥമാക്കിയിട്ടുണ്ട് എന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുകയാണ്.
മമ്മി മുസ്ലിയാർ ഫൗണ്ടേഷൻ എന്ന ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചോ, അജണ്ടകളെ കുറിച്ചോ ആർക്ക് എന്ത് സംശയമുണ്ടെങ്കിലും ഫൌണ്ടേഷന്റെ ബൈലോയും മിനുട്സും പരിശോധിക്കാവുന്നതും പരിശോധിച്ച് ഉറപ്പുവരുത്താവുന്നതുമാണ്. ഒളിച്ചുവെക്കാനോ മറച്ചു പിടിക്കാനോ ഈ കൂട്ടായ്മക്ക് മുമ്പിൽ ഒന്നും തന്നെയില്ല. എന്നിരിക്കെ ഈ കൂട്ടായ്മയ്ക്കെതിരെ ചില തൽപരകക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ ആരും തന്നെ വഞ്ചിതരാവരുത് എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
2013 ൽ തുടങ്ങിയ ചിന്തകൾ, ചർച്ചകളുടെയും വിശകലനങ്ങളുടെയും അനന്തരഫലമായി 10(പത്ത്) വർഷങ്ങൾക്കുശേഷം 2023-ലാണ് മമ്മി മുസ്ലിയാർ ഫൗണ്ടേഷൻ എന്ന രൂപത്തിൽ ഒരു കൂട്ടായ്മയായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. 2023 നവംബർ മാസം മുപ്പതാം തീയതി രജിസ്റ്റർ ചെയ്യപ്പെട്ട ഫൗണ്ടേഷന്റെ രജിസ്റ്റേർഡ് ഓഫീസ് ചുണ്ട ടൗണിലോ ചുണ്ട മഹല്ലിന്റെ പരിധിയിലോ അല്ല. ഈ കൂട്ടായ്മക്ക് പേര് നൽകുന്നതിനുവേണ്ടി മഹത്തുക്കളായ പല സയ്യിദന്മാരുടെയും,മഹത്തുക്കളായ പല ഉസ്താദുമാരുടെയും പേരുകൾ ചർച്ചയ്ക്ക് വന്നിരുന്നു. അവസാനം മമ്മി മുസ്ലിയാർ ഫൗണ്ടേഷൻ എന്നപേരിൽ ഐക്യകണ്ഠേന ഉറപ്പിച്ച് രജിസ്റ്റർ ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.
2013 മുതൽ ഈ സമയം വരെയും ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ശ്രമിക്കുന്നതുമായ വിദ്യാഭ്യാസ മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ആതുരസേവന രംഗങ്ങളിൽ വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തെയും യുവസമൂഹത്തെയും കൃത്യമായ ആദർശ ബോധത്തോടെ പൊതുസമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടു വരിക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യം. ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഞങ്ങളെക്കൊണ്ട് കഴിയുന്ന സേവനങ്ങളും സന്നദ്ധപ്രവർത്തനങ്ങളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ വേണ്ടി ശ്രമിക്കുന്ന സമയത്ത്, ഈ കൂട്ടായ്മയെയും അതിന്റെ പ്രവർത്തനങ്ങളെയും അതിന്റെ ലക്ഷ്യങ്ങളെയും മുളയിലെ നുള്ളിക്കളയുവാൻ വേണ്ടി ചില തല്പരകക്ഷികൾ അഹോരാത്രം ശ്രമിക്കുന്നതായി മനസ്സിലാക്കുവാൻ സാധിക്കുന്നു.
ആരോടും മത്സരിക്കാൻ ഇല്ലാതെ എട്ട് സുഹൃത്തുക്കൾ ചേർന്ന് തങ്ങളുടെ കയ്യിലുള്ള സമ്പത്ത് ചെലവാക്കി തങ്ങളുടെ നാട്ടിലോ തൊട്ടടുത്ത നാട്ടിലോ ഉള്ള ആർക്കെങ്കിലും വല്ല സഹായമോ, സേവനമോ നൽകുന്നതിന് ഇത്രയേറെ ഈർഷ്യയോടെ കാണേണ്ടതുണ്ടോ...?
പിച്ച വെച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതിനെ മണ്ണിട്ട് മൂടേണ്ടതുണ്ടോ...?
നാട്ടിൽ യാതൊരുവിധ പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാതെ, സമുദായത്തിനും സമൂഹത്തിനും നാടിനും വല്ല നന്മയും ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അതിനെ പൂട്ടിക്കെട്ടേണ്ടതുണ്ടോ...?
സത്യസന്ധമായി കാര്യങ്ങളെ മനസ്സിലാക്കുവാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
Team Mammi Musliyar Foundation
തുടരും...
https://www.facebook.com/share/p/1Cy4BPHP6W/?mibextid=xfxF2i