24/08/2026
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:
കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മംഗലാപുരം മേഖലയെ മൈസൂർ റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള നീക്കം കേരളത്തോടുള്ള കടുത്ത അവഗണനയാണെന്നും എഐവൈഎഫ് ആരോപിച്ചു. പാലക്കാട് ഡിവിഷന്റെ സാമ്പത്തിക കരുത്തിന്റെ പ്രധാന അടിത്തറ മംഗലാപുരം മേഖലയാണ്. ഡിവിഷന്റെ ചരക്കുനീക്കത്തിന്റെ ഏകദേശം 90 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണ്. ഈ പ്രധാന വരുമാന സ്രോതസ്സ് വേർപെടുത്തുന്നതിലൂടെ പാലക്കാട് ഡിവിഷനെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവിൽ പ്രതിദിനം ഏകദേശം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി കുറയുന്നതോടെ, ഭാവിയിൽ ഡിവിഷന്റെ വികസന ആവശ്യങ്ങളെ അവഗണിക്കാൻ റെയിൽവേയ്ക്ക് സാഹചര്യമൊരുങ്ങും. വരുമാനം കുറയ്ക്കുക, വികസനം തടയുക, ഒടുവിൽ ഡിവിഷന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുക എന്ന തരത്തിലുള്ള നീക്കങ്ങൾ കേരളത്തിന് അംഗീകരിക്കാനാകില്ല.
ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പുതിയ പാതകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പാലക്കാട് ഡിവിഷന് മുൻഗണന നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രത്യാഘാതം പാലക്കാട് ഡിവിഷനിൽ മാത്രം ഒതുങ്ങില്ല. കേരളത്തിന്റെ സമഗ്രമായ റെയിൽവേ വികസനത്തെ തന്നെ അത് ഗുരുതരമായി ബാധിക്കും.
കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ നിക്ഷേപവും പുതിയ ട്രെയിനുകളും പാതകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി. ടി. ജിസ്മോനും ആവശ്യപ്പെട്ടു.