02/06/2026
*അന്യായ സ്ഥലംമാറ്റങ്ങളില്‍ പ്രതിഷേധിച്ച് കളക്ടറേറ്റിലേക്ക് ജീവനക്കാരുടെ വമ്പിച്ച മാര്‍ച്ച്*
സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ചുവട് പിടിച്ച് നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത് വഴി ജീവനക്കാര്‍ക്ക് ചട്ടപ്രകാരം അനുവദനീയമായ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന അന്ന് മുതല്‍ വലത് സര്‍വീസ് സംഘടനകള്‍ വകുപ്പ്, ജില്ലാ ഓഫീസ് മേധാവികള്‍ക്ക് ലെറ്റര്‍ ഹെഡില്‍ സ്ഥലം മാറ്റേണ്ടവരുടെ ലിസ്റ്റ് കൊടുക്കുകയും അതനുസരിച്ച് വ്യാപകമായ തോതില്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറത്തിറക്കുകയുമുണ്ടായി. ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ 2017ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഈ വര്‍ഷവും പൊതുസ്ഥലംമാറ്റം നടപ്പാക്കേണ്ട ഘട്ടത്തിലാണ് തികച്ചും രാഷ്ട്രീയ പ്രേരിതവും ധനസമ്പാദനം ലക്ഷ്യം വെച്ചും ഭരണമാറ്റത്തെ തുടര്‍ന്നുള്ള കൂട്ടസ്ഥലംമാറ്റങ്ങള്‍ നിര്‍ബാധം തുടരുന്നത്. ഭിന്നശേഷിക്കാര്‍, വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നവര്‍, ഒരു സ്റ്റേഷനില്‍ 3 വര്‍ഷം പൂര്‍ത്തിയാക്കാത്തവര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, വിധവകള്‍ തുടങ്ങി ചട്ടപ്രകാരം പ്രത്യേക പരിഗണന ലഭിക്കേണ്ട ജീവനക്കാരെ അടക്കം വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം ഉയരുകയാണ്. ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കോടതിയെ സമീപിച്ച ജീവനക്കാര്‍ക്ക് അനുകൂലമായ വിധികളും ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. മേല്‍ സാഹചര്യത്തിലും ജീവനക്കാരെ ദ്രോഹിക്കുന്നതും അഴിമതി വ്യാപകമാക്കുന്നതുമായ സ്ഥലംമാറ്റ ഉത്തരവുകള്‍ പുതുതായി അധികാരമേറ്റെടുത്ത സര്‍ക്കാരും മുഖ്യമന്ത്രിയും കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ ഘട്ടത്തിലാണ് അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, മാനദണ്ഡമനുസരിച്ചുള്ള പൊതുസ്ഥലംമാറ്റം ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമരൈക്യ സംഘടനയായ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.
നിയമസഭാ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നടന്ന ജില്ലാതല പ്രകടനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ചുങ്കത്ത് നിന്ന് ആരംഭിച്ച് അയ്യന്തോള്‍ കളക്ടറേറ്റിന് മുന്നില്‍ സമാപിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. മാര്‍ച്ചിന് ശേഷം നടന്ന യോഗം കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡണ്ട് സാജന്‍ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി സി സിജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആര്‍ രാജീവ്, കെജിഎന്‍എ സംസ്ഥാന ട്രഷറര്‍ എന്‍ ബി സുധീഷ് കുമാര്‍, പി.എസ്.സി.ഇ.യു ജില്ലാ സെക്രട്ടറി കെ സി സുലോചനന്‍. കെഎന്‍ടിഇഒ സംസ്ഥാന പ്രസിഡണ്ട് കെ ഗിരിധരന്‍, എകെപിസിടിഎ ജില്ലാ സെക്രട്ടറി പി പ്രമോദ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍ എല്‍ സിന്ധു. ജില്ലാ പ്രസിഡണ്ട് ഒ പി ബിജോയ്, ജോയിന്റ് സെക്രട്ടറിമാരായ പി സുനീഷ്, പി ജി കൃഷ്ണകുമാര്‍, വൈസ് പ്രസിഡണ്ടുമാരായ വി വിമോദ്, കെ ആര്‍ രേഖ, ജില്ലാ ട്രഷറര്‍ പി രാജേഷ്, കെജിഒഎ ജില്ലാ പ്രസിഡണ്ട് രഹന പി ആനന്ദ്, കെജിഎന്‍എ ജില്ലാ സെക്രട്ടറി അബിന്‍രാജ്, പി.എസ്.സി.ഇ.യു. സംസ്ഥാന കമ്മിറ്റി അംഗം പി എ ലിജോ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി