04/08/2026
ഗതാഗത മന്ത്രിയുടെ പ്രസ്താവന അപക്വവും, സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യം;
മന്ത്രി മാപ്പ് പറയണം – എ.ഐ.വൈ.എഫ്
ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുകയും ദാരിദ്ര്യം അഭിനയിക്കുകയും ചെയ്യുന്നുവെന്ന തരത്തിൽ ഗതാഗത മന്ത്രി സി. പി. ജോൺ നടത്തിയ പരാമർശം അത്യന്തം അപക്വവും സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ മാതാപിതാക്കൾ കഷ്ടപ്പെട്ട് ജീവിക്കുന്ന യാഥാർഥ്യത്തെ പരിഹസിക്കുന്ന സമീപനമാണ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രകടമായിരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. ബസിൽ യാത്ര ചെയ്യാൻ പണമില്ലാത്തതിനാൽ കുറഞ്ഞ നിരക്കുള്ള പൊതുഗതാഗതം തിരഞ്ഞെടുക്കുന്നവരെയും, ചികിത്സാ ചെലവിന്റെ ഭാരത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെയും 'ദാരിദ്ര്യം അഭിനയിക്കുന്നവർ' എന്ന രീതിയിൽ ചിത്രീകരിക്കുന്നത് സാമൂഹിക യാഥാർഥ്യങ്ങളോടുള്ള അവഗണനയാണ്.
പൊതുഗതാഗതവും സർക്കാർ ആശുപത്രികളും പൊതുവിദ്യാഭ്യാസവും ജനങ്ങളുടെ അവകാശങ്ങളാണ്. അവ ഉപയോഗിക്കുന്നതിനെ ദാരിദ്ര്യത്തിന്റെ അഭിനയമായി ചിത്രീകരിക്കുന്നത് ജനങ്ങളെ അപമാനിക്കുന്ന സമീപനമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കാതെ നടത്തിയ ഈ പ്രസ്താവന കേരളത്തിന്റെ സാമൂഹിക ബോധത്തിനും പുരോഗമന മൂല്യങ്ങൾക്കും അപമാനകരമാണെന്നും അതിനാൽ ഗതാഗത മന്ത്രി സി. പി. ജോൺ പ്രസ്താവന പിൻവലിച്ച് കേരള ജനതയോട് പരസ്യമായി മാപ്പ് പറയണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന
പ്രസിഡന്റ് കെ. ഷാജഹാൻ, സെക്രട്ടറി ടി.ടി. ജിസ്മോൻ എന്നിവർ
ആവശ്യപ്പെട്ടു.