22/09/2026
എല്ലാവരുടേയും അടിയന്തിര ശ്രദ്ധയിലേക്ക്.
വരും നാളുകളിൽ വൈദ്യുതി നമ്മെ ചതിക്കുമോ?.. ഭയപ്പെടുത്തുന്ന ചില വിവരങ്ങൾ...
വൈദ്യുതി ഉപഭോക്താക്കളും KSEB യും ഭരണകർത്താക്കളും അറിഞ്ഞിരിക്കേണ്ട സർവ്വേ റിപ്പോർട്ട്.
കേരളത്തിൽ വരുംകാലങ്ങളിൽ തുടർച്ചയായി ലോഡ് ഷെഡിങ്ങും പവർകട്ടും വേണ്ടി വരുമോ?
എന്തുകൊണ്ട്. ?
എന്താണ് ഈ അവസ്ഥക്ക് കാരണം.?
സോളാർ വൈദ്യുതി കേരളത്തിൽ അനുയോജ്യമോ?
സോളാർ വൈദ്യുതിയുള്ള വീടുകളിൽ വോൾട്ടേജ് അമിതമായി കൂടുന്നുണ്ടോ?
വോൾട്ടേജ് വർദ്ധനവ് മൂലം സോളാർ ഉപയോഗിക്കാത്ത മറ്റ് ഉപഭോക്താക്കൾക്ക് ദോഷമുണ്ടാക്കുന്നുണ്ടോ? ഉപകരണങ്ങൾ കേടാവാൻ സാധ്യതയുണ്ടോ?
പഠനവിഷയമാക്കിയതോടൊപ്പം
പരിഹാര നിർദ്ദേശങ്ങളും...
ഇതോടൊപ്പം ചേർക്കുന്നു...
കേരളത്തിലെ വൈദ്യുതി വിതരണത്തിൽ പതിവില്ലാത്ത വിധം വൈകുന്നേരങ്ങളിൽ ലോഡ് ഷെഡിങ്ങ് അനിവാര്യമായതെന്തുകൊണ്ട്?
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ മൂന്നുവർഷങ്ങളായി വൈദ്യുത ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. ഓരോ വർഷവും ലീനിയർ ആയി വർദ്ധിച്ചിരുന്ന ഉപഭോഗം കഴിഞ്ഞവർഷങ്ങളിൽ ലോഗരിതമിക്കായി വർദ്ധിക്കുകയാണ്. ഓരോ ദിവസവും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് എന്നർത്ഥം. രണ്ട് വർഷം മുൻപ് വേനൽക്കാലത്ത് 60 -70 മില്യൺ യൂണിറ്റ് ഉണ്ടായിരുന്ന ഉപഭോഗം ഇപ്പോൾ 100 -110 മില്ല്യൺ യൂണിറ്റിലേക്ക് ഉയർന്നിരിക്കുന്നു. രണ്ടു വർഷം കൊണ്ട് മൂന്നിൽ ഒരു ഭാഗം വർദ്ധിച്ചിരിക്കുന്നു. KSEB പ്രതീക്ഷിക്കാത്ത വർദ്ധനവാണിത്.
പീക് ഹവർ ആയ വൈകീട്ട് 6 മണിമുതൽ രാത്രി 11 മണി വരേയുള്ള സമയത്തുള്ള ഉപഭോഗവും വല്ലാതെ വർദ്ധിച്ചിരിക്കുന്നു.
അതിനാൽ വർഷക്കാലമായ ജൂൺ ജൂലൈ മാസങ്ങളിൽ പോലും ലോഡ് ഷെഡിംഗ് വേണ്ടി വന്നു.
വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ ജലവൈദ്യുത പദ്ധതികളിൽ നിന്ന് അധികവൈദ്യുതി ലഭിക്കാത്തതാണ് ഒരു കാരണം.
ഭാവിയിൽ കേരളം നേരിടാൻ പോകുന്ന വൈദ്യുത പ്രതിസന്ധി മുന്നിൽകണ്ടാണ് ദീർഘവീക്ഷണത്തോടെ ഉമ്മൻ ചാണ്ടി സർക്കാർ യൂണിറ്റിന് 4.29 രൂപ പ്രകാരം 465 മെഗാവാട്ടിൻ്റെ ഇരുപത്തഞ്ച് വർഷത്തേക്കുള്ള കരാർ ഉണ്ടാക്കിയത്.
കഴിഞ്ഞ സർക്കാർ ആ കരാർ റദ്ധാക്കിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 465 മെഗാവാട്ടിൻ്റെ കുറവാണ് ഇതുമൂലം ഇല്ലാതായത്.
അത് തൽക്കാലത്തേക്ക് ആശ്വാസമാകുമായിരുന്നു. എന്നാൽ രണ്ടു മാസം കഴിഞ്ഞ് കടുത്ത വേനലിൽ സ്ഥിതി വീണ്ടും മാറുമായിരുന്നു.
വേനൽക്കാലത്തെ ഊർജപ്രതിസന്ധി നേരിടാൻ കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയിരുന്നു. ഏകദേശം 530 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം വാങ്ങിയത്. അത് മഴക്കാലമായ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ തിരിച്ച് നൽകേണ്ട വിധമാണ് താൽക്കാലിക കരാർ ഉണ്ടായിരുന്നത്. ജൂൺ മാസം മുതൽ ആ വൈദ്യുതി തിരിച്ചു നൽകേണ്ടിയും വന്നു. അത് ഈ സെപ്റ്റബർ പതിനഞ്ചുവരെ തുടരും. പ്രതിദിനം ഏകദേശം 60 ലക്ഷം യൂണിറ്റ് വൈദ്യുതി തിരിച്ചു നൽകേണ്ടി വരുന്നു. ഈ മാസങ്ങളിൽ നമുക്ക് ആവശ്യത്തിന് മഴ ലഭിക്കാതെ വന്നതിനാൽ ജലവൈദ്യുതിയുടെ ലഭ്യത കുറഞ്ഞതിനോടൊപ്പം ഈ വൈദ്യുതി തിരിച്ചു കൊടുക്കേണ്ടിയും വന്നതോടെയാണ് വർഷക്കാലത്ത് പോലും ലോഡ് ഷെഡിങ്ങ് വേണ്ടി വന്നത്.
ലോഡ് ഷെഡിങ്ങിലൂടെ ഏകദേശം 40 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ലാഭിക്കാനായത്. എന്നാൽ ഇതുകൊണ്ടൊന്നും പരിഹരിക്കാൻ സാധിക്കാത്ത വിധമാണ് വൈദ്യുതി ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം.
വൈദ്യുതി സംബന്ധമായ കണക്കുകൾ ഇവിടെ വിശദമായി എഴുതുന്നില്ല.
വരും നാളുകളിൽ ലോഡ് ഷെഡിംഗ് തുടരേണ്ടി വരുമോ? കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഈ വർദ്ധനവ് പ്രകടമായിട്ടും എന്തു കൊണ്ട് മുന്നൊരുക്കങ്ങൾ നടത്തിയില്ല?. KSEB യുടെ കണക്കുകൂട്ടലുകൾ പിഴച്ചുവോ?
അവിടെയാണ് കഴിഞ്ഞ വർഷത്തെ ക്രമാതീതമായ ഉപഭോഗത്തെക്കുറിച്ച് പഠന വിഷയമാക്കിയത്. എന്താണ് പതിവില്ലാതെ ഉപഭോഗം കൂടിയത്.? എന്താണ് ലോഡ് ഷെഡിംഗ് വേണ്ടി വരുന്നത്. ?
രണ്ട് വില്ലൻമാരാണ് അതിൽ പ്രധാനികൾ.
ഇലക്ട്രിക് വാഹനങ്ങളുടെ ആധിക്യമാണ് KSEB നേരിടുന്ന പ്രധാന വെല്ലുവിളി.
EV വാഹനങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഒരു വീട്ടിൽ വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നതിൻ്റെ പതിൻമടങ്ങ് വൈദ്യുതിയാണ് ആ വീട്ടിൽ ഒരു ഇലക്ടിക്ക് കാർ ചാർജ്ജു ചെയ്യാൻ ഉപയോഗിക്കുന്നത്. സ്കൂട്ടർ ചാർജ്ജ് ചെയ്യാൻ പോലും ആ വീട്ടിൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനേക്കൾ വളരേയധികം വൈദ്യുതി ഉപയോഗിക്കേണ്ടിവരും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിച്ചിരുന്ന വീട്ടിൽ 400 യൂണിറ്റ് ഉപഭോഗം.
ഈ വാഹനങ്ങൾ എല്ലാം പകൽ സമയത്ത് ഓടാനുപയോഗിക്കുന്നതിനാൽ പകൽ സമയത്ത് ചാർജ്ജ് ചെയ്യാൻ കഴിയാത്തതിനാൽ അവയും രാത്രിയിലാണ് ചാർജ്ജു ചെയ്യുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾ ഇത്രയധികം അധികരിക്കുമെന്നും അവ KSEB ക്ക് ഇത്രമാത്രം ബാധ്യതയാകുമെന്നും രണ്ടു വർഷം മുൻപ് KSEB അധികൃതർ ചിന്തിച്ചിട്ടുണ്ടാവില്ല.
ദിനംപ്രതി ഈവികൾ കൂടിക്കൂടി വരികയാണ്. വരും വർഷങ്ങളിൽ കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിൽ ഇലകട്രിക്ക് വാഹനങ്ങൾ മറ്റെല്ലാറ്റിനേയും മറികടക്കാനാണ് സാധ്യത. അത്രയധികം വാഹനങ്ങളാണ് ദിനംപ്രതി നിരത്തിലിറങ്ങുന്നത്.
മറ്റൊരു പ്രധാന വെല്ലുവിളി സോളാർ വൈദ്യുതി മൂലമാണ്.
സോളാർ വൈദ്യുതി മൂലം അധികമായി വൈദ്യുതി ഉൽപാദിപ്പിക്കുകയല്ലേ. പിന്നെ എങ്ങിനെ അവ വില്ലനാകും എന്നായിരിക്കാം പലരുടേയും ചോദ്യം.
പീക്ക് ഹവറിൽ ആണ് ലോഡ് ഷെഡിങ് ആവശ്യമായി വരിക. വൈകിട്ട് 6 മുതൽ ആണത്. ആ സമയം സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല.
പകൽ സമയങ്ങളിൽ സോളാർ വൈദ്യുതി പ്രയോജനപ്പെടും. എന്നാൽ രാത്രിയിൽ പീക്ക് ഹവറിൽ അതിൻ്റെ ദോഷം അനുഭവിക്കുകയും ചെയ്യും. അതെങ്ങിനെയെന്ന് നോക്കാം.
അവയെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ .....
പല ഗാർഹിക ഉപഭോക്താക്കളും 5 KW , അല്ലെങ്കിൽ 3 KW സോളാർ സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.
സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് അവരുടെ രണ്ടു മാസത്തെ വൈദ്യുതി ഉപഭോഗം ശരാശരി 250 മുതൽ 500 യൂണിറ്റ് വരെയായിരുന്നു.
എന്നാൽ സോളാർ സ്ഥാപിച്ചതോടെ അത് പല വീടുകളിലും ഇരട്ടിയോളമായി ചില വീടുകളിൽ ഇരട്ടിയിലും അധികമായി എന്നാണ് പഠനത്തിൽ നിന്നും വ്യക്തമായത്.
വില കൊടുത്ത് വൈദ്യുതി വാങ്ങിയിരുന്നപ്പോൾ വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചിരുന്നവർ വൈദ്യുതി സൗജന്യമായപ്പോൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി.
അതിൽ, കൂടുതൽ വൈദ്യുതി തിന്നുന്ന എയർ കണ്ടീഷണറിൻ്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. രണ്ടു വർഷം മുൻപ് വരെ ഒരു വീട്ടിൽ ഒരു ഏസി മാത്രം ഉണ്ടായിരുന്നവർ, അതുതന്നെ രാത്രി 10 മണിക്ക് കിടക്കാൻ നേരം ഓൺ ചെയ്ത് മൂന്നോ നാലോ മണിക്കൂർ മാത്രം പ്രവർത്തിപ്പിച്ച് മുറി തണുത്താൽ ഓഫ് ചെയ്യുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
അത്തരം വീടുകളിൽ സോളാർ സ്ഥാപിച്ച ശേഷം ഇപ്പോൾ മൂന്നോ നാലോ ഏസികൾ സമയനിഷ്ടയില്ലാതെ ഏതു നേരവും പ്രവത്തിക്കുന്നു. ഗ്യാസിൻ്റെ വില വർദ്ധിച്ചതോടെ ഇൻ്റക്ഷൻ കുക്കറുകളും പ്രവർത്തിപ്പിക്കുന്നു. മറ്റെല്ലാവിധ വൈദ്യുത ഉപകരണങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നു. ഫലമോ ? വലിയ വൈദ്യുത ഉപയോഗം.
അതിന് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതിനു വേണ്ടിയാണ് അവർ പണം മുടക്കി സോളാർ സ്ഥാപിച്ചത്.
എന്നാൽ ഇവിടെ KSEB യാണ് അതുമൂലം വെട്ടിലാകുന്നത്.
പകൽനേരങ്ങളിൽ സോളാർ വൈദ്യുതി ലഭിക്കുമ്പോൾ അവർ യഥേഷ്ടം ഉപയോഗിക്കുന്നതെങ്കിൽ KSEB ക്ക് ഭാരമാവില്ലായിരുന്നു. എന്നാൽ പകൽസമയം വീടുകളിൽ ഉപയോഗം വളരെ കുറവാണ്. ആ സമയം അവർ വൈദ്യുതി KSEB യുടെ ഗ്രിഡിലേക്ക് Export ചെയ്യുകയാണ്. പകരം അവർ എസിയും മോട്ടോറുമടക്കം എല്ലാ ലോഡുകളും വൈകീട്ട് 6 മണിക്ക് ശേഷം പ്രവർത്തിക്കുന്നതായി കാണാൻ കഴിഞ്ഞു.
പകൽ ഉൽപ്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി പകൽ ഉപയോഗിക്കാതെ പകരം അവരെല്ലാം ഉപയോഗിക്കുന്നത് രാത്രിയിലാണ്.
ഇതുമൂലം പീക്ക് ലോഡ് സമയത്ത് ഉപഭോഗം വല്ലാതെ വർദ്ധിക്കുന്നു. KSEB ക്ക് ഭാരമാകുന്നു.
മലയാളിയുടെ വൈദ്യുതി ഉപയോഗ സംസ്ക്കാരം മാറിയിരിക്കുന്നു.
വെളിച്ചത്തിന് ബൾബും കാറ്റിന് ഫാനും വെള്ളം പമ്പു ചെയ്യാൻ മോട്ടോറിനും വല്ലപ്പോഴും ഇസ്തിരിയിടാനും മാത്രം വൈദ്യുതി ഉപയോഗിച്ചിരുന്ന മലയാളി അതിൻ്റെയെല്ലാം പതിൻമടങ്ങ് കറൻ്റ് കുടിക്കുന്ന AC യിലേക്കും , ഇൻ്റക്ഷൻ കുക്കറിലേക്കും , എയർ ഫ്രയറിലേക്കും വാഹനങ്ങൾ ചാർജ്ജു ചെയ്യാനുമായി വൈദ്യുതി ഉപയോഗിക്കുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടക്കാണ് ഈ മാറ്റം പ്രകടമായി ഉണ്ടായത്.
ഓരോ ദിവസവും ചൂട് കൂടിക്കൂടി വരുന്നു. സാധാരണക്കാരൻ്റെതടക്കം എല്ലാ വീടുകളിലും എയർ കണ്ടീഷണർ വാങ്ങി വയ്ക്കുന്നു.
ചൂടു കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക എന്നതിൽ നിന്നും AC ഉപയോഗത്തിലേക്ക് മലയാളി മാറിക്കഴിഞ്ഞു.
കേരളത്തിൽ റെക്കോഡ് വിൽപ്പനയായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ AC ക്ക് ഉണ്ടായത്. ഇരിങ്ങാലക്കുട എന്ന ചെറിയ പട്ടണത്തിൽ അറിയപ്പെടുന്ന മൂന്ന് ഷോറൂമുകളിൽ താരതമ്യേനെ കുറഞ്ഞ കച്ചവടം നടന്ന ഒരു ഷോപ്പിൽ നിന്നു മാത്രം കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ആയിരത്തഞ്ഞൂറിലേറെ AC യൂണിറ്റുകൾ വിൽപ്പന നടത്തി എന്ന കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളത്തിൽ എത്ര മാത്രം AC കളാണ് കഴിഞ്ഞ വർഷം വിറ്റുപോയതെന്ന് മനസ്സിലാകും.
വരും വർഷങ്ങളിലും റെക്കോർഡ് ഭേദിച്ചുകൊണ്ട് വിൽപ്പന മുന്നേറാനാണ് സാധ്യത.
മലയാളികൾ ഇതുവരെ ഉപയോഗിക്കാതിരുന്ന എയർ ഫ്രയറുകളുടെ വിൽപ്പനയും കഴിഞ്ഞ വർഷം മുതൽ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു.
ഇതെല്ലാം പ്രവർത്തിക്കണമെങ്കിൽ വലിയ അളവിൽ വൈദ്യുതി വേണം.
സോളാർ എനർജി മൂലം രാത്രിയിൽ പ്രയോജനമില്ലെന്നതോടൊപ്പം, പകൽ സമയങ്ങളിൽ മറ്റൊരു പ്രതിഭാസവും ചിലയിടങ്ങളിൽ കാണുന്നു.
നല്ല വെയിൽ ഉള്ളപ്പോൾ LT ഗ്രിഡ് വോൾട്ടേജ് പകൽ സമയങ്ങളിൽ 250 വോൾട്ടിലും കൂടുതൽ കാണാനിടയായി. സോളാർ സ്ഥാപിച്ച ചില വീടുകളിൽ അത് 270 വോൾട്ട് വരെയെത്തിയ സന്ദർഭങ്ങളുമുണ്ടായി.
എന്താണതിന് കാരണം?
ഒരു ട്രാൻസ്ഫോർമറിനു കീഴിൽ എത്ര മാത്രം ലോഡ് കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് കണക്കാക്കി. Connected load ൻ്റെ പരമാവധി 90% സോളാർ പവർ പ്ലാൻ്റുകളാണ് ആ ട്രാൻസ്ഫോർമറിന് കീഴിൽ സ്ഥാപിക്കാൻ അനുവദിക്കുന്നത്. (80% എന്നത് കഴിഞ്ഞ വർഷമാണ് 90% എന്ന് ആക്കിയത്. അത് തിരികെ 80 ലേക്കോ 70 ലേക്കോ കുറയ്ക്കുന്നതാണ് അഭികാമ്യം.)
ഉദാ:- 100 KW കണക്റ്റഡ് ലോഡുള്ള ട്രാൻസ്ഫോർമറിൽ 90 KW വരെ സോളാർ എനർജിയുള്ള പവർപ്ലാൻ്റ് സ്ഥാപിക്കാം. അതനുസരിച്ച് പല വീടുകളിലായി 5 KW വീതമുള്ള 18 പ്ലാൻ്റുകൾ സ്ഥാപിക്കാം.
നല്ല വെയിൽ സമയങ്ങളിൽ 90 KW സോളാറിൽ നിന്നും ഉൽപ്പാദിപ്പിക്കുമ്പോൾ ഗ്രിഡിൽ ആ സമയം ലോഡ് കുറവാണെങ്കിൽ സ്വാഭാവികമായും ഗ്രിഡ് വോൾട്ടേജ് ഉയരും.
KSEB യുടെ സപ്ലൈ വോൾട്ടേജ് 230 വോട്ട് ആകുമ്പോൾ സോളാർ പ്ലാൻ്റിൽ നിന്നും ഗ്രിഡിലേക്ക് വൈദ്യുതി ഒഴുകണമെങ്കിൽ അതിനേക്കാൾ ഉയർന്ന വോൾട്ടേജ് സോളാർ പ്ലാൻ്റിൽ നിന്നും നൽകിയാലേ ആ പ്ലാൻ്റിൽ നിന്നും വൈദ്യുതി KSEB യുടെ ഗ്രിഡിലേക്ക് ഒഴുകുകയുള്ളൂ..
ഈ പൊട്ടൻഷ്യൽ ഡിഫറൻസ് വരുന്ന നിലയിലാണ് സോളാർ സിസ്റ്റത്തിലെ കൺട്രോളുകൾ 264 വോൾട്ടായി സെറ്റ് ചെയ്തിരിക്കുന്നത്. ആ ഗ്രിഡിൽ മറ്റ് ലോഡുകൾ ഒന്നും ഇല്ലാതാകുന്നതോടൊപ്പം ഒരേ സമയം മറ്റു സോളാർ സിസ്റ്റങ്ങളിൽ നിന്നും വൈദ്യുതി ഗ്രിഡിലേക്ക് പ്രവഹിക്കുമ്പോൾ സ്വാഭാവികമായും ആ സമയങ്ങളിൽ ലൈൻ വോൾട്ടേജ് 264 വോൾട്ടിനേക്കാൾ ഉയരും.
അതാണതിനു കാരണം.
LT ലൈൻ വോൾട്ടേജ് 250 വോൾട്ടിൽ കൂടിയെങ്കിൽ മാത്രമേ സോളാർ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്ഫോർമർ വഴി 11 KV ലൈനിലേക്ക് പ്രവഹിച്ചു തുടങ്ങുകയുള്ളൂ.. അവിടേയും ആ പൊട്ടൻഷ്യൽ ഡിഫറൻസ് ആവശ്യമായി വരുന്നു.
11 KV യിൽ നിന്നും 230 വോൾട്ട് ആയി കുറയ്ക്കാനാകും വിധം Step down Transformer ആയി ഡിസൈൻ ചെയ്തിട്ടുള്ള താണ് KSEB യുടെ എല്ലാ ട്രാൻസ്ഫോർമറുകളും. അതേ ട്രാൻസ്ഫോർമറിലൂടെയാണ് നാം HT ലൈനിൽ 11K V നിലനിൽക്കുമ്പോൾത്തന്നെ LT ലൈനിൽ വോൾട്ടേജ് ഉയർത്തി വൈദ്യുതിയെ 11 KV HT ഗ്രിഡിലേക്ക് ഒഴുക്കുന്നത്.
HT ലൈനിൽ 11000 വോൾട്ടിൽ ട്രാൻസ്ഫോർമറിലേക്ക് സമ്മർദ്ദം ചെലുത്തുന്ന സമയത്തുതന്നെ LT ലൈനിൽ വോൾട്ടേജ് 264 വോൾട്ടോളം ഉയർത്തി വൈദ്യുതിയെ 11KV യിലേക്ക് പ്രവഹിപ്പിക്കുന്നു. ഇരുവശത്തുനിന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നാൽ അത് ട്രാൻസ്ഫോർമറുകളുടെ ആയുസ്സ് കുറയ്ക്കാനിടയാക്കും.(അതിസങ്കീർണ്ണമായ വിഷയമായതിനാൽ ഇതിനെക്കുറിച്ച് ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.)
അതോടൊപ്പം ആ സമയത്ത് ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ തുടർച്ചയായുള്ള ഉയർന്ന വോൾട്ടേജിനാൽ കേടുവരാനും ഇടയുണ്ട്.
230 വോൾട്ടിൽ പ്രവർത്തിക്കുന്ന വിധമാണ് എല്ലാ ഇലക്ടിക്കൽ ഇലക്ട്രോണിക്സ് ഉപകരണങളും ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു സ്പൈക് മൂലം 270 വോൾട്ടു വരെ പോയാലും പെട്ടെന്ന് കേടാവാത്ത തരത്തിലാണ് നിർമ്മിതിയെങ്കിലും തുടർച്ചയായി 270 വോൾട്ട് താങ്ങാനുള്ള ശേഷി അവയ്ക്ക് ഒന്നിനുമില്ല.
അതിനാൽ അവയുടെ ആയുസ്സ് കുറയാനും കേടാവാനും സാധ്യതയുണ്ട്.
ഓരോ ട്രാൻസ്ഫോർമറിനു കീഴിലും സോളാർ പ്ലാൻ്റുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദുതി അതേ ട്രാൻസ്ഫോർമറിനു കീഴിലുള്ള മറ്റ് ഉപഭോക്താക്കൾ ഉപയോഗിച്ചു തീർത്താൽ ഈ അപകടാവസ്ഥ വരില്ലായിരുന്നു.
നിർഭാഗ്യവശാൽ കേരളത്തിൽ പകൽ സമയം വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായശാലകളും വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളും കുറവാണ്. അതാണ് ഇതിനെല്ലാം കാരണം.
തമിഴ്നാട്ടിലോ കർണ്ണാടകയിലോ, ആന്ത്രാപ്രദേശിലോ, മഹാരാഷ്ട്ര പോലുള്ള മറ്റ് സംസ്ഥാനങ്ങളിലോ ഈ അവസ്ഥയില്ല. അവിടങ്ങളിൽ വ്യവസായ ശാലകളും വാണിജ്യ സ്ഥാപനങ്ങളും ധാരാളമായുള്ളതിനാൽ സോളാർ പ്ലാൻ്റ് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭൂരിഭാഗവും അവിടങ്ങളിൽ അപ്പോൾതന്നെ ഉപയോഗിച്ചു തീരും. അതാണതിനു കാരണം.
ഒരു ട്രാൻസ്ഫോർമറിന് കീഴിലുള്ള Total connected load ന് ആനുപാതികമായി സോളാർ ജനറേറ്ററുകൾക്ക് അനുമതി നൽകുന്നതിന് പകരം ഓരോ ട്രാൻസ്ഫോർമറിനു കീഴിലും പകൽ സമയത്തെ ലോഡ് കണക്കാക്കിയാണ് സാധാരണ പോലുള്ള ഓൺഗ്രിഡ് സോളാർ സിസ്റ്റത്തിന് അനുമതി നൽകേണ്ടത്. അല്ലെങ്കിൽ അവയെല്ലാം ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് മാറ്റണം. എങ്കിൽ ഈ വിഷമസ്ഥിതി വരില്ലായിരുന്നു.
KSEB ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ.
ഒരു ട്രാൻസ്ഫോർമറിനു കീഴിലുള്ള ഫീഡറുകളിൽ വീടുകളിൽ നിന്നുള്ള സോളാർ പവർ പ്ലാൻ്റ് കണക്റ്റ് ചെയ്യുമ്പോൾ RYB സർക്യൂട്ടുകളിൽ ബാലൻസ് ചെയ്യുന്ന വിധം വ്യത്യസ്ഥ പ്ലാൻ്റുകളിൽ നിന്നുള്ള കണക്ഷൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
സർവ്വീസ് വയർ മോശമായാൽ ആ വീട്ടിൽ പകൽ സമയത്ത് വോൾട്ടേജ് കൂടുകയും ജനറേഷൻ ഔട്പുട്ട് കുറയുകയും ചെയ്യും.
അതിനാൽ ആവശ്യത്തിന് വണ്ണമുള്ള സർവ്വീസ് വയർ ഉപയോഗിക്കണം.
സർവ്വീസ് വയർ LT ലൈനിൽ കണക്റ്റ് ചെയ്യുന്നിടത്ത് കറൻറ് ഡ്രോപ്പ് വരില്ലെന്നുറപ്പാക്കണം. IPC Connector ഉപയോഗിക്കുമ്പോഴും ആവശ്യത്തിന് tight ചെയ്യണം.
സർക്ക്യൂട്ടുകളിലെ Shackle ജോയിൻ്റുകൾ പ്രത്യേകം ശ്രദ്ധിക്കണം. Jumper വയറുകൾ ശരിയാംവിധം ടൈറ്റ് ആയിരിക്കണം. അവിടെയെല്ലാം വൈദ്യുതിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം.
രണ്ടു വർഷത്തിലൊരിക്കലെങ്കിലും ഇവയുടെയെല്ലാം ഗുണമേന്മ പ്രത്യേകം പരിശോധിക്കണം.
ലോഡ് ഷെഡിങ്ങ് ഒഴിവാക്കാനും ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനും ചില പരിഹാരങ്ങൾ ... നിർദ്ദേശങ്ങൾ...
1- കേന്ദ്രപൂളിൽ നിന്നോ, മറ്റ് സ്വകാര്യ ഏജൻസികളിൽ നിന്നോ ദീർഘകാല കരാറുണ്ടാക്കി വൈദ്യുതി വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് കടമ്പകൾ ഏറെയുണ്ട്. എങ്കിലും അതാണ് ശാശ്വത പരിഹാരം. രാജ്യത്ത് എല്ലായിടത്തും പീക്ക് ഹവറിൽ വൈദ്യുതിയുടെ കുറവുണ്ട്. അതിനാൽ പിക്ക് ഹവറിൽ വൈദ്യുതി വാങ്ങൽ എളുപ്പമല്ല.
2- പുതുതായി സ്ഥാപിക്കുന്ന ഓൺലൈൻ സോളാർ പവർ ജനറേറ്ററുകൾ ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് മാറ്റുക.
3- ഓഫ് ഗ്രിഡ് സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുക.
എല്ലാ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 2 KW മുതൽ ശേഷിയുള്ള ഓഫ്ഗ്രിഡ് സോളാർ പ്ലാൻ്റുകൾ വ്യാപകമായി സ്ഥാപിക്കുവാൻ ജനങ്ങൾക്ക് പ്രേരണ നൽകുക. ഇപ്പോൾ ഓഫ് ഗ്രിഡ് സോളാർ സ്റ്റേഷനുകൾക്ക് സ്ബ്സിഡി ഇല്ല. അതിനാൽ അവയ്ക്ക് സബ്സിഡി നൽകി അവയിൽ നിന്നുള്ള ഉൽപ്പാദനം കൂട്ടുകയാണ് ഈ പ്രതിസന്ധി മറികടക്കാൻ എളുപ്പവഴി.
സോളാർ പവർ ഉപയോഗിച്ച് പകൽ സമയം ബാറ്ററി ചാർജ്ജു ചെയ്യുന്ന ഇത്തരം പ്ലാൻ്റുകളിൽ നിന്നും അവരുടെ രാത്രി സമയങ്ങളിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വൈകീട്ട് 6 മണി മുതൽ രാത്രി 12 മണി വരെയെങ്കിലുമുള്ള ആവശ്യങ്ങൾക്ക് KSEB യെ ആശ്രയിക്കാതെയിരിക്കാം. KSEB യുടെ ഏറ്റവുമധികം ഗാർഹിക ഉപഭോക്താക്കൾ ഉള്ള മദ്ധ്യവർഗ്ഗ കൺസ്യൂമേഴ്സ് ഈ പദ്ധതി ഉപയോഗപ്പെടുത്തിയാൽ പീക്ക് ഹവറിൽ KSEB ക്ക് അത്രയും വൈദ്യുതി ലാഭിക്കാം. ലോഡ് ഷെഡിങ്ങ് ഒഴിവാക്കാം..
LT ലൈനിൽ പവർ ബാങ്കുകൾക്കായി വലിയ സ്റ്റോറേജ് ഉള്ള ബാറ്ററികൾ വാങ്ങി അവ പരിപാലിക്കുന്നതിനേക്കാളും നല്ലത് ഓഫ് ഗ്രിഡ് പ്ലാൻ്റുകൾ സ്ഥാപിക്കുന്ന ഗാർഹിക വാണിജ്യ ഉപഭോക്താക്കൾക്ക് ബാറ്ററി വാങ്ങുന്നതിന് സബ്സിഡി നൽകുന്നതാണ്. കേരളത്തിന് അതിനു കഴിയില്ലെങ്കിൽ, കേരളത്തിൻ്റെ അവസ്ഥ ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതിനുള്ള ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണ്.
4.- വളരെയധികം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് TOD മീറ്റർ സ്ഥാപിച്ച് പീക്ക് ലോഡ് സമയങ്ങളിൽ വൈദ്യുതിക്ക് ഉയർന്ന സ്ലാബ് നിശ്ചയിച്ചാൽ ആ സമയത്ത് ഒരു പരിധിവരെ ഉപയോഗം കുറയും. ഉപയോഗം ഒരു പരിധിയിൽ കവിഞ്ഞാൽ വില കൂടും എന്ന് ബോധ്യമായാൽ ഉപയോഗം കുറയുമെന്നതിൽ സംശയമില്ല.
5.- മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുക.
6. - നീരൊഴുക്കുള്ള പുഴകളിൽ വലിയ തോതിൽ ജലം സംഭരിക്കാത്ത വിധം ചെറിയ തടയണകൾ കെട്ടി പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിധത്തിലുള്ള Screw type ടർബൈനുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾ ആരംഭിക്കുക. എവിടെ നീരൊഴുക്കുണ്ടോ അവിടെയെല്ലാം ഇവ സ്ഥാപിക്കാം.
ഒരു പുഴയിൽത്തന്നെ പലയിടങ്ങളിലായി ഇത്തരം അനേകം ജനറേറ്ററുകൾ സ്ഥാപിക്കാവുന്നതാണ്. ഉൽപ്പാദനം കുറവാണെങ്കിലും, അണക്കെട്ടിന് വേണ്ടി കോടികൾ മുടക്കേണ്ടി വരില്ല എന്നു മാത്രമല്ല ഇത്തരം പദ്ധതികൾ മൂലം പാരിസ്ഥിതിക ആഘാതവും ഉണ്ടാവില്ല.
ഏതു വിധേനെയും കേരളത്തിൻ്റെ വൈദ്യുതി ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചേ മതിയാകൂ... വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് 110 മില്യൺ യൂണിറ്റ് ആണെങ്കിൽ അധികം വൈകാതെ 125 മില്യൺ യൂണിറ്റ് ആകും. അത് വീണ്ടും ഉയർന്നുകൊണ്ടേയിരിക്കും.
വൈദ്യുതി ഉപയോഗിക്കുന്ന ഓരോ ഉപഭോക്താക്കളും അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ലോഡ് ഷെഡിങ്ങിൽ നിന്നും കേരളത്തെ രക്ഷിക്കാം..
വൈകിട്ട് ആറു മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് എത്ര മാത്രം വൈദ്യുതി കുറച്ച് ഉപയോഗിക്കാമോ അത്രമാത്രം കുറച്ച് ഉപയോഗിക്കുക.
അധികം വൈദ്യുതി തിന്നുന്ന AC യും ഇൻ്റക്ഷൻ കുക്കറും മോട്ടോറും ആ സമയത്ത് ഉപയോഗിക്കാതിരിക്കുക.ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജു ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമാണെന്ന് ഉറപ്പുവരുത്തുക.
ഇത് ഒരു Detailed Survey Report അല്ല. കേരളത്തിലങ്ങോളം പഠനം നടത്തിയാലേ അത്തരം ഒരു ഡീറ്റെയിൽഡ് സർവ്വെ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയൂ...
ജൂൺ മാസത്തിൽ ലോഡ് ഷെഡിങ്ങ് ഏർപ്പെടുത്തിയപ്പോൾ അതിൻ്റെ കാരണങ്ങൾ പഠിക്കാനിറങ്ങിയ ഞാൻ കഴിഞ്ഞ മൂന്നു മാസം കൊണ്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ട് മാത്രമാണിത്.
ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കാൻ KSEB ക്ക് ലക്ഷങ്ങൾ ചെലവിടേണ്ടിവരും. അതിനാൽ സൗജന്യമായി ഈ റിപ്പോർട്ട് ലഭിക്കുമ്പോൾ അതിന് വിലയില്ലാതായി കണക്കാക്കി ചവറ്റുകുട്ടയിൽ എറിയരുതെന്ന് അപേക്ഷിക്കുന്നു.
ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പല വിഷയങ്ങളും വളരെ ഗൗരവമുള്ളതാണ്. അതിനുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് KSEB യോടും വകുപ്പുമന്ത്രിയോടും ആവശ്യപ്പെടുന്നു.
പൊതുജനങ്ങളോടൊരു വാക്ക് ....
വെള്ളം പോലെയാണ് വൈദ്യുതിയും.
യഥേഷ്ടം ലഭ്യമാകുന്നതിനാൽ നാം അതിൻ്റെ വിലയറിയുന്നില്ല. എന്നാൽ അതില്ലാതായാൽ ???
അപ്പോഴേ നാം അതിൻ്റെ വിലയറിയൂ...
M.A.Shajahan.VU2MTP. 10-09-2026
(എസ്ജീ പുത്തൻചിറ)
Mobile.9809735176.
Marakkaparambil house
P.O.Puthenchira south.
Thrissur Dt.
Pin.680 682.............................................................................
FB സുഹൃത്തുക്കളോട്,
ഇലക്ട്രിക് വാഹനങ്ങളോ, AC യോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കരുത് എന്ന് ഞാൻ എഴുതിയതിന് അർത്ഥം നൽകരുത്.
സർവെയിൽ കണ്ട കാര്യങ്ങൾ എഴുതി എന്ന് മാത്രം. ഇനിയും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഓരോ വർഷവും വർദ്ധിക്കാൻ ഇടയുണ്ടെന്നും അതിനാൽ വൈദ്യുതി ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുമെന്നും, അതിനു വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നടത്തണമെന്നും അറിയിക്കാൻ വേണ്ടിയാണ് യഥാർത്ഥ വസ്തുത എഴുതിയത്.
രണ്ടു ദിവസം മുൻപ് മന്ത്രിക്ക് അയച്ചു കൊടുത്ത റിപ്പോർട്ട് ആണിത്.
ദീർഘമായി എഴുതിയ എൻ്റെ പഠന കുറിപ്പ് വായിച്ച താങ്കൾക്ക് എൻ്റെ നന്ദി അറിയിക്കുന്നു.
ഇത് വായിച്ചു തീർക്കാൻ ഏറെ ബുദ്ധിമുട്ടിയ താങ്കൾക്ക്, ഈ വിഷയത്തെക്കുറിച്ച് സർവ്വെ നടത്താനും പഠിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും എത്ര മാത്രം ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് മനസ്സിലാകുമല്ലൊ. മലയാളികൾ എല്ലാവരും ഈ റിപ്പോർട്ട് വായിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നെപ്പോലെ ഇത് മറ്റുള്ളവരും അറിയണമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ ഷെയർ ചെയ്താൽ ഒരാളെങ്കിലും ഇത് കൂടുതൽ വായിക്കാൻ ഇടയാക്കും.
അഭിപ്രായവും എഴുതണം.
എസ്ജീ പുത്തൻചിറ. 12- 09-2026