13/05/2026
മുസ്‍ലിം ലീഗ് നേതൃത്വത്തിന് ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന Civil Society for Equity Justice and Peace കൂട്ടായ്മയുടെ കത്ത് :
കഴിഞ്ഞ പത്തുവര്‍ഷം തികച്ചും ജനാധിപത്യവിരുദ്ധമായി പൗരാവകാശങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്തി, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാകവചങ്ങളെ നേര്‍പ്പിച്ച്, ജാതിമതനേതൃത്വങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച്, ചരിത്രത്തിലില്ലാത്ത വിധം പൊതുഖജനാവിനെ ധൂര്‍ത്തടിച്ച്, സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയെ ദുര്‍ബലപ്പെടുത്തി, ആ പോരായ്മ നികത്താനായി കേന്ദ്രസര്‍ക്കാരിന്‍റെ വിഭജനരാഷ്ട്രീയ പദ്ധതികള്‍ക്ക് പിന്തുണയേകി, സംവരണതത്വങ്ങളും സാമൂഹികനീതിയും പാലിക്കാതെ കക്ഷിരാഷ്ട്രീയ, ബന്ധുത്വ പരിഗണനകള്‍ മാത്രം പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസിന്‍റെ ഘടനയെ തന്നെ അട്ടിമറിച്ച്, ജനജീവിതത്തെ ദുഃസ്വപ്നമാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പൊതുതെരഞ്ഞെടുപ്പിലൂടെ കേരളജനത പുറത്തെറിഞ്ഞിരിക്കുകയാണ്.
ദുര്‍ബലമായ പ്രതിപക്ഷശബ്ദങ്ങളെ ഏകോപിപ്പിച്ച് ബലപ്പെടുത്തി വിശാലമായ സാമൂഹികാടിത്തറ കെട്ടിപ്പടുക്കുകയും അതിനെ ഒരു തരംഗമാകും വിധം രൂപപ്പെടുത്തുകയും ചെയ്തത് പ്രതിപക്ഷനേതാവാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സംഘാടനത്തിന് സാമ്പത്തികമുള്‍പ്പെടെയുള്ള പല ആവശ്യങ്ങളും നിവര്‍ത്തിച്ചത് മറ്റുനേതാക്കള്‍ കൂടിയായിരിക്കാനുള്ള സാധ്യത ഞങ്ങള്‍ നിരാകരിക്കുന്നില്ല. പക്ഷെ ഈ വിജയത്തിന്‍റെ അടിസ്ഥാനഘടകം പ്രതിപക്ഷനേതാവ് ഉന്നയിച്ച ആശയങ്ങളില്‍, ബദല്‍ മാര്‍ഗങ്ങളില്‍ വിശ്വസിച്ച വോട്ടര്‍മാരാണ്. കാഷ് ഫോര്‍ വോട്ട് എന്ന ഒരു ഘടകം പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമല്ല കേരളം. ഫണ്ടുകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും വര്‍ഷിക്കപ്പെട്ട ഇടതുകേന്ദ്രങ്ങള്‍ പോലും പ്രതിപക്ഷത്തിന്‍റെ ഈ തരംഗത്തില്‍ മാറിയെന്നുള്ളത് ഇതിന്‍റെ തെളിവാണ്. പുതുതലമുറയെ കേരളത്തില്‍ എന്നും സ്വാധീനിച്ചിരുന്നത് പരമ്പരാഗതമായി ഇടതുപക്ഷമായിരുന്നു. ഇത്തവണ ആ സ്ഥിതി മാറ്റിയത് പ്രതിപക്ഷനേതാവ് അവരുമായി സ്ഥാപിച്ച ബൗദ്ധികവും വൈകാരികവുമായ ബന്ധം ആയിരുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുതുയുഗയാത്ര എന്ന പേരില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങള്‍ക്ക് പുതിയ ഭരണം ആരു നയിക്കും എന്ന് നല്‍കിയ വാഗ്ദാനമായിരുന്നു. മറിച്ചുള്ള ഏത് തീരുമാനവും, ഇക്കഴിഞ്ഞ പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെ പോരാടിയ മുന്നണിപ്രവര്‍ത്തകരോടും വോട്ടര്‍മാരോടും ചെയ്യുന്ന അനീതിയാരിക്കും.
വളരെ പ്രകടമായ ജനാഭിലാഷത്തെ കണ്ടില്ലെന്ന് നടിച്ച് കൃത്രിമമായുണ്ടാക്കിയ ഈ അനിശ്ചിതത്വം ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ദുര്‍ഭരണം ഭേദമായിരുന്നുവെന്ന് ജനങ്ങളെക്കൊണ്ട് പറയിക്കും. പാര്‍ലമെന്‍റംഗങ്ങള്‍ മത്സരിക്കേണ്ടതില്ല എന്ന കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനപ്രകാരം നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ശ്രീ കെ.സി. വേണുഗോപാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് തികഞ്ഞ അനൈതികതയാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ശ്രീ വേണുഗോപാല്‍ തന്നെയും താന്‍ മത്സരിക്കുന്നില്ല എന്ന് ആവര്‍ത്തിച്ചതാണ്. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടില്‍ നിയമസഭക്കകത്തും പുറത്തുമുള്ള ജനകീയ ഇടപെടലുകളിലൂടെ, ഭരണയന്ത്രത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള സൂക്ഷ്മധാരണകള്‍ വളര്‍ത്തിയ ശ്രീ. വി.ഡി. സതീശനാണ് സര്‍ക്കാരിനെ നയിക്കാനുള്ള അര്‍ഹത.
ആയതിനാൽ തന്നെ മുഖ്യമന്ത്രി പദവിക്കായി മറ്റുള്ളവരുടെ ക്ലെയിമുകളെ നിരാകരിക്കുക അല്ല, പക്ഷേ തെരഞ്ഞെടുപ്പിന്‍റെ വെല്ലുവിളികളെ, റിസ്കുകളെ കണ്ടറിഞ്ഞ് നയിച്ച ശ്രീ വി.ഡി സതീശനായി ഉയരുന്ന ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നത് മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്. ഘടകകക്ഷികളുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും.
അതേപോലെ, മുഖ്യമന്ത്രി ചർച്ച വൈകുന്നത് തൽപരകക്ഷികളായ മാധ്യമങ്ങളും അഭിപ്രായനിര്‍മാതാക്കളും ലീഗിനെതിരായുള്ള ആയുധമായി കൂടി ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണം എന്ന സംഘപരിവാരത്തിന്റെയും അനുകൂല മാധ്യമങ്ങളുടെയും കാമ്പയിനുകളെ പ്രതിരോധിക്കേണ്ടതുണ്ട്. ഒരു കാരണവശാലും അത്തരത്തിലുള്ള ഒത്തുതീർപ്പ് ഫോർമുലകൾക്ക് ലീഗ് നേതൃത്വം വഴങ്ങരുത്. അർഹതപ്പെട്ട ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രി സ്ഥാനങ്ങളും ചോദിച്ച് വാങ്ങുവാൻ ലീഗ് ആർജ്ജവം കാണിക്കണം. പൊതുജനവികാരത്തിന് എതിരായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോവുന്നതിനെതിരെ അവസരം വരെ പാര്‍ട്ടി ശബ്ദമുയര്‍ത്തണം. ലീഗിന് അവകാശപ്പെട്ടത് നൽകാതിരിക്കുകയാണെങ്കിൽ ലീഗ് മന്ത്രി സഭയിൽ ചേരാതെ പുറത്ത് നിന്ന് പിന്തുണക്കുകയായിരിക്കും ഉചിതം.
എ. മുഹമ്മദ് ഹനീഫ
ജബ്ബാർ ചുങ്കത്തറ
മുസ്തുജാബ് മാക്കോലത്ത്
സമദ് പൂക്കാട്
നിയാസ് സലീം )യൂണിവേഴ്സിറ്റി ഓഫ് വാസ , ഫിൻലാൻഡ്),
ഡോ. സലീൽ ചെമ്പയിൽ, (ലക്ചറർ, നൈൽ യൂണിവേഴ്സിറ്റി ഓഫ് നൈജീരിയ, അബൂജ),
തൻവീർ ഇബ്രാഹിം,
(അസിസ്റ്റന്റ് പ്രൊഫസർ, അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,ആലുവ),
അബ്ദുല്‍ ജലീല്‍ എം, (അസിസ്റ്റന്‍റ് പ്രൊഫസര്‍, ഇഎംഇഎ കോളജ്, കൊണ്ടോട്ടി),
സമീല്‍ പി.കെ.,
ഹിലാല്‍ അഹമ്മദ് സി.സി.,
മുഹമ്മദ് അലി പി., (അസിസ്റ്റൻ്റ് പ്രൊഫസർ, യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി),
ജവാദ് ബാസിൽ (ഗവേഷകൻ, ഷാർജ യൂണിവേഴ്സിറ്റി)
ഡോ. അയൂബ് റഹ്മാന്‍ എന്‍.കെ,
സി.കെ. ആശിഖ് വാഫി,
സലീം ദേളി (ഗസ്റ്റ് ലക്ചറർ എസ്എംഎസ്ടിഎം കോളേജ്),
ഡോ. അബ്ദുൽ ഷുക്കൂർ മംഗലം,
ഡോ. അബ്ദുൽ ഗഫൂർ
ഹുസ്നി മുബാറക്ക് വാഫി,
സി.എം മുഹാദ്,
അബ്ദുൽ കബീർ ചുങ്കത്തറ
ഷുക്കൂർ ബത്തേരി
ഡോ : അബ്ദുൽ റഹീം (സീനിയർ ലെക്ചറർ- മസ്കത്)
നൗഷാദ് കുനിയിൽ
എ.പി. മുഹമ്മദ് അഫ്സൽ.