19/08/2026
കെ.ജി.ഒ.എ. ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കാസർഗോഡ് : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) വജ്രജൂബിലി സമ്മേളന പ്രമേയത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കേരളത്തിന്റെ വികസന-ക്ഷേമ നേട്ടങ്ങൾ സംരക്ഷിച്ച് സിവിൽ സർവീസിനെ ശക്തിപ്പെടുത്തുക, അഞ്ചുവർഷ തത്വം പാലിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പി.എഫ്.ആർ.ഡി.എ. (PFRDA) നിയമം, പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക, എൻ.പി.എസ്. പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കി പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പിലാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
പ്ലാനിങ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച കാസർഗോഡ് ജില്ലാ മാർച്ച് ഇൻകം ടാക്സ് ഓഫീസ് പരിസരത്ത് സമാപിച്ചു. ധർണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു.
എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി.വി. ശരത്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. രാഘവൻ, സി.എം. സുധീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ആർജിത പി.വി. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും ജില്ലാ ട്രഷറർ വൈശാഖ് ബാലൻ നന്ദിയും പറഞ്ഞു.
പ്രതിഷേധ പരിപാടികൾക്ക് ജില്ലാ ഭാരവാഹികളായ ഡോ. വിക്രം കൃഷ്ണൻ, രാജീവൻ എം., ജയരാജൻ പി.സി., വത്സൻ എം., ജയചന്ദ്രൻ എ., മിനി പി., നാഗേഷ കെ., സച്ചിൻ രാജ് പി.വി., രവീന്ദ്ര എ., ദിവ്യ ഡി എന്നിവർ നേതൃത്വം നൽകി.