24/05/2026
"പെന്തിക്കൊസ്തി"
പെന്തിക്കൊസ്തി എന്ന പദത്തിൻ്റെ അർത്ഥം അമ്പതാം ദിനം എന്നാണ്. പെന്തികൊസ്തി ആദ്യം യഹൂദന്മാരുടെ വിളവെടുപ്പ് തിരുനാൾ ആയിരുന്നു.
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പോസ്തോലന്മാരിലും മറ്റ് ശിഷ്യരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ ദിനമാണ് പെന്തിക്കൊസ്തി.
"പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്ത് നിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കും പ്രത്യക്ഷമായി അവരിൽ ഒരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഒരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി..
അപ്പൊ.പ്രവ 2;1-6
സഭയുടെ ജനനദിവസമാണ്
പെന്തിക്കൊസ്തി.
കാറ്റ് ജീവനേയും, ശക്തിയേയും, തീ പരിശുദ്ധിയേയും,
ദൈവീക
സാന്നിധ്യത്തേയും
കാണിക്കുന്നു.
പെന്തിക്കൊസ്തി പ്രവചന പൂർത്തീകരണം ആണ്.
'അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.
ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും"
യോവേൽ 2:28,29
പത്രൊസ് പരിഭ്രമിച്ച് നിന്നവരോട് ഈ പ്രവചനഭാഗത്തെ ഉദ്ധരിച്ച് പറഞ്ഞു ഇത് പ്രവചനങ്ങളുടെ പൂർത്തീകരണമാണ്.
ഭയം മാറുന്ന ദിനമാണ് പെന്തികൊസ്തി. പരിശുദ്ധാത്മാവിൻ്റെ ശക്തി അറിയുന്ന ദിനമാണ് പെന്തികൊസ്തി. ഇന്നലെ വരെ ഭയപ്പെട്ട് കഴിഞ്ഞ ശിഷ്യർ ശക്തരാകുന്ന ദിനമാണ്
പെന്തികൊസ്തി. യേശുവിൻ്റെ ക്രൂശീകരണവേളയിൽ
യോഹാന്നാൻ ഒഴികെ സകലരും ഓടി മറഞ്ഞു.
പത്രൊസ് യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞു. അവർ ഭയപ്പെട്ട് കഴിഞ്ഞുകൂടി. എന്നാൽ പിന്നീട് അവർ
ഒരുമിച്ച്
പ്രാർത്ഥനയോടെ യേശു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനു വേണ്ടി കാത്തിരുന്നു.
മുക്കുവന്മാരെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടതാണ് വള്ളവും
വെള്ളവും. അവർ വിലയേറിയതായി കണ്ടവയെ ഉപേക്ഷിക്കാൻ തയ്യാറായി. നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ വിലകൊടുക്കുന്നതായി
എന്തെങ്കിലും ഉണ്ടോ?
ധനം, മക്കൾ, പ്രശസ്തി
ഇവയൊക്കെ ദൈവത്തെക്കാൾ വിലപ്പെട്ടതായി മാറുന്നുണ്ടോ? നാം വിലകല്പിക്കുന്നവ
ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്നു എങ്കിൽ പരിശുദ്ധാത്മാവിന് നമ്മിൽ വസിക്കുവാൻ
കഴികയില്ല.
യേശുവിൻ്റെ ക്രൂശാനുഭവത്തോട് ച്ചേരുവാൻ
തയ്യാറാവുന്നതാണ്
പെന്തെകൊസ്തി
അനുഭവം. യേശുവിൻ്റെ കൂടെ നടന്ന ശിഷ്യർ ആരും തന്നെ യാതൊരു
വേദനയും അറിഞ്ഞില്ല. എന്നാൽ പെന്തെകൊസ്തിയിൽ
ശിഷ്യർക്ക് ലഭിച്ച പരിശുദ്ധാത്മ അഭിഷേകത്തോടു കൂടെ
അവർ ശക്തി പ്രാപിച്ച് ലോകത്തിലേക്ക് ഇറങ്ങുവാൻ തയ്യാറാവുന്നു. ഇന്നലെ വരെ ഭയപ്പെട്ടിരുന്ന അവർ പീഢനങ്ങൾ സ്വയം വഹിക്കുവാനും
വേദനിക്കുവാനും തയ്യാറാവുന്നു. ക്രിസ്തുവിനു വേണ്ടി
വേദനകൾ സഹിക്കുവാൻ തയ്യാറാകുന്ന അനുഭവമാണ്
പെന്തെകൊസ്തി അനുഭവം.വേദനയിലൂടെ
സഞ്ചരിച്ച് ക്രിസ്തീയ മഹത്വം ദർശിക്കുന്നത് ആണ് പെന്തെകൊസ്തി.
അനുഭവം. ശിഷ്യർ വേദനകൾ സ്വീകരിക്കുവാൻ തയ്യാറായി. അപരൻ്റെ
വേദനയറിയുന്ന നല്ല ശമര്യക്കാരായി മാറി.
ഏകമനോഭാവവും
ഒരുമയും, ഐക്യവും
വെളിപ്പെടുത്തുന്നതാണ്
പെന്തെകൊസ്തി
അനുഭവം. 120 പേരുള്ള
സംഘം ഒരുമിച്ചു കൂടി ഏകമനസോടെ പ്രാർത്ഥിക്കുന്നു. അവരിൽ പരിശുദ്ധാത്മാവിറങ്ങി.
മാത്രമല്ല അവർ വിശ്വാസത്തോടെ പരിശുദ്ധാത്മാഭിഷേകം
പ്രാപിക്കാൻ കാത്തിരുന്നു.
വിശ്വാസത്താൽ സകലവും സാദ്ധ്യമാണ്.
മഴക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഒരുപാട് പേർ പോയി. പ്രാർത്ഥന കഴിഞ്ഞു. മഴപെയ്തു. ആരും കുട കരുതിയില്ല. എന്നാൽ ഒരു കൊച്ചു ബാലൻ തൻ്റെ പ്രാർത്ഥന ദൈവം കേൾക്കും എന്ന് വിശ്വസിച്ചു, കുട കരങ്ങളിൽ കരുതി.
ശിഷ്യർ വിശ്വാസത്തോടെ പ്രാർത്ഥിച്ചു. കാര്യസ്ഥനാകുന്ന പരിശുദ്ധാത്മാവ് വരുമെന്ന് കരുതി കാത്തിരുന്ന് പ്രാർത്ഥിച്ചു
ആത്മാഭിഷേകം നേടി.
അഗ്നി നാവുകൾ അവരെ
വിശുദ്ധിയുള്ളവരാക്കി.
പെന്തെകൊസ്തി
അനുഭവം നമ്മെ വിശുദ്ധീകരിക്കയും നല്ല സാക്ഷികളാക്കി നമ്മെ മാറ്റുകയും ചെയ്യുന്നു.
" എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു"
അപ്പൊ.പ്രവ 1:8
ശിഷ്യരെല്ലാം ഭയമില്ലാതെ
ധീരതയോടെ നല്ല സാക്ഷികളായി. യേശുവിനു വേണ്ടി മരണം പ്രാപിച്ചു.
നമുക്ക് ദൈവം തന്ന പരിശുദ്ധാത്മാവിനെ പ്രാർത്ഥനയാലും, ആരാധനയാലും,
ജീവിതവിശുദ്ധിയാലും
ജ്വലിപ്പിക്കാം. യേശുവിനു വേണ്ടി വേദനകളെ സ്വീകരിക്കുന്നവരാകാം.
സുവിശേഷ
ഘോഷണത്തിനായി ധൈര്യത്തോടെ നിലകൊണ്ട് യേശുവിൻ്റെ നല്ല സാക്ഷികളായി മാറാം..